ആന്ധ്ര: ആന്ധ്രാ പ്രദേശിലെ കുര്‍ണൂലില്‍ സ്വാകര്യ ഉടമസ്ഥതയിലുള്ള സ്ഫോടനത്തില്‍ പതിനൊന്ന് മരണം. ഹാഥി ബെല്ഗാളിലെ ക്വാറിയില്‍ രാത്രി എട്ടരയോടെയായിരുന്നു അപകടം. ക്വാറിയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി ഒട്ടേറെ പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
വന്‍ സ്ഫോടനമാണുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സ്ഫോടനത്തില്‍ കൂറ്റന്‍ പാറക്കഷ്ണങ്ങള്‍ ചിതറിത്തെറിച്ചു. ഇവയിലൊന്ന് തൊഴിലാളികള്‍ വിശ്രമിക്കുന്ന ചെറുകുടിലിലാണു പതിച്ചത്. മുപ്പതോളം പേര് ഇവിടെയുണ്ടായിരുന്നു. സമീപഗ്രാമങ്ങളിലേക്കു വരെ സ്ഫോടനത്തിന്റെ പ്രകമ്പനമെത്തി. വീടുകളില്‍ മറ്റും വിള്ളല്‍ വീണു. ക്വാറിയിലുണ്ടായ തീപ്പൊരി മറ്റു സ്ഫോടന വസ്തുക്കളിലേക്കു പടര്‍ന്നാണു തീപിടിത്തമുണ്ടായത്. മൂന്നു ട്രാക്ടറുകളും ഒരു ട്രക്കും മറ്റൊരു ഷെഡും പൂര്‍ണമായി കത്തി നശിച്ചു.
പലരും ഭൂകമ്പമാണെന്നു കരുതി വീടുവിട്ട് ഇറങ്ങിയോടി. പാറയ്ക്കടിയില്പ്പെട്ടാണു മരണത്തിലേറെയും. രാത്രി പന്ത്രണ്ടര വരെ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികളെല്ലാവരും ഒഡിഷയില്‍ നിന്നുള്ളവരാണ്. പരുക്കേറ്റവരെ അലുരു ഗവ. ആശുപത്രിയിലേക്കു മാറ്റി. കുര്‍ണൂല്‍ ജില്ലാ കലക്ടറില്‍ നിന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു റിപ്പോര്‍ട്ട് തേടി.