ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ പൗരത്വ നിമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കൂടി മരിച്ചതായി റിപ്പോര്‍ട്ട്. മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാള്‍ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ നേരത്തെ ഒരു പോലീസുകാരന് മരിച്ചിരുന്നു. ഡല്‍ഹി ഗോകുല്‍പുരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ ആണ് മരിച്ചത്. കല്ലേറില്‍, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. കല്ലേറില്‍ സഹദ്ര ഡിസിപിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷത്തിന് പിന്നാലെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ എട്ട് കമ്പനി സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. ഒരു കമ്പനി വനിതാ ദ്രുതകര്‍മ സേനയെയും വിന്യസിച്ചു. നേരത്തെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉദ്യോഗ് ഭവന്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ജന്‍പഥ് എന്നീ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് എത്താന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേയായിരുന്നു ഡല്‍ഹിയില്‍ സംഘര്‍ഷം പുറപ്പെട്ടത്. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ജഫ്രാബാദിനടുത്തുള്ള മോജ്പൂരിലും ഭജന്പുരയിലും സംഘര്‍ഷം രൂക്ഷമായി. നഗരത്തില്‍ വ്യാപകമായി അക്രമം നടത്തിയവര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു.
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ടതോടെ പമ്പിലേക്കും തീ പടര്‍ന്നു. നിരവധി വീടുകളും കടകളും കല്ലേറില്‍ തകര്‍ന്നു.അഗ്നിരക്ഷാ സേനയുടെ വാഹനത്തിനും തീയിട്ടു. ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ ദിവസവും കല്ലേറ് നടന്നിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരില് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരത്തിന് നേരെയാണ് കല്ലേറ് ഉണ്ടായത്.