ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും ഭാര്യ മിലാനിയയുടെയും ഒറ്റ ദിവസത്തെ താമസത്തിന് ചിലവ് എട്ടുലക്ഷം രൂപ. ഡല്‍ഹിയിലെ ഐടിസി മൗര്യ ഹോട്ടലില്‍ ട്രംപും ഭാര്യ മിലാനിയയും ഒറ്റ രാത്രി തങ്ങുന്നതിനാണ് എട്ടുലക്ഷം രൂപ. ട്രംപിനായി അത്യാഡംബര സൗകര്യങ്ങളെല്ലാം ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഐടിസി മൗര്യയില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങള്‍, ആഡംബര സൗകര്യങ്ങള്‍, സ്പാ എന്നിവയെല്ലാം അതിലുള്‍പ്പെടും.
ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകീട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഐടിസി മൗര്യ ഹോട്ടലില്‍ എത്തും.
ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ട്രംപ് ഹോട്ടലിലുള്ള ദിവസം മറ്റ് അതിഥികള്‍ക്ക് അവിടെ തങ്ങാനാവില്ല. പഞ്ചനക്ഷത്ര ഹോട്ടലിന്റെ 438 മുറികളും ട്രംപിനും സംഘത്തിനുമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഹോട്ടലിലെ ഓരോ നിലയിലും പോലീസുകാര്‍ സാധാരണ വേഷത്തില്‍ പട്രോളിങ് നടത്തും. യുഎസിന്റെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് ഡല്‍ഹി പോലീസിന്റെ സുരക്ഷാവിഭാഗം പ്രവര്‍ത്തിക്കുക.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും ഇവിടെയായിരുന്നു താമസം. വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. ട്രംപിന് നല്കുന്ന ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ രണ്ട് കിടപ്പുമുറികളുണ്ടാകും. പട്ടുപതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്ളോറിങ്ങുമാണ് സ്യൂട്ടിലുള്ളത്. അതിഗംഭീര കലാസൃഷ്ടികളും സ്യൂട്ടിന് ഭംഗിയേകുന്നു.