ന്യൂഡല്‍ഹി: വാരാണസി – ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന ശിവക്ഷേത്രം താത്കാലികമാണെന്നും സ്ഥിരമായിട്ടല്ലെന്നും റെയിവേ. ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പൂജയ്ക്കായി ട്രെയിനിലെ ജോലിക്കാര്‍ താല്‍ക്കാലികമായി സ്ഥാപിച്ചതാണ് ഇത് എന്നാണ് റെയിവേ വ്യക്തമാക്കുന്നത്.
കാശി മഹാകാല്‍ എക്സ്പ്രസില്‍ ശിവക്ഷേത്രം ഉണ്ടാക്കിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി റെയില്‍വേ രംഗത്തെത്തിയത്. ട്രെയിനിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റായിരുന്നു ശിവക്ഷേത്രമായി ഒരുക്കിയത്.
ഇന്നലെ വാരാണസിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണു മൂന്നു ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുളള ട്രെയിന്‍ സര്‍വീസ്
ഉദ്ഘാടനം ചെയ്തത്. ഇന്‍ഡോറിനു സമീപമുള്ള ഓംകാരേശ്വര്‍, ഉജ്ജയിനിലുള്ള മഹാകാലേശ്വര്‍, വാരാണസിയിലുള്ള കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് വാരാണസി ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്സ്പ്രസിന്റെ യാത്ര. ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിന്‍ ഫെബ്രുവരി 20 മുതല്‍ സര്‍വീസ് ആരംഭിക്കും.