ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ലൈബ്രറിയില്‍ കയറി പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.
ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ ലൈബ്രറിയില്‍ കയറി മര്‍ദിച്ചില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഡല്‍ഹി പോലീസിന്റെയും വാദം പൊളിഞ്ഞുവെന്ന് പ്രിയങ്ക പറഞ്ഞു. ജാമിയ ലൈബ്രറിയില്‍ കയറി പോലീസ് നടത്തുന്ന നരനായാട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്ക രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് പ്രിയങ്ക രംഗത്ത് വന്നത്.
‘ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഡല്‍ഹി പോലീസ് തല്ലിച്ചതക്കുന്നത്. ഒരു വിദ്യാര്‍ത്ഥി പുസ്തകം ഉയര്‍ത്തിക്കാണിച്ചിട്ടും പോലീസ് അയാളെ ലാത്തികൊണ്ട് അടിക്കുന്നു. ലൈബ്രറിയില്‍ കയറി ആരെയും അടിച്ചിട്ടില്ലെന്ന നുണപ്രചരണമാണ് ആഭ്യന്തരമന്ത്രിയും ഡല്‍ഹി പോലീസും നേരത്തെ നടത്തിയിരുന്നത്. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍- പ്രിയങ്ക പറഞ്ഞു.
देखिए कैसे दिल्ली पुलिस पढ़ने वाले छात्रों को अंधाधुंध पीट रही है। एक लड़का किताब दिखा रहा है लेकिन पुलिस वाला लाठियां चलाए जा रहा है।
गृह मंत्री और दिल्ली पुलिस के अधिकारियों ने झूठ बोला कि उन्होंने लाइब्रेरी में घुस कर किसी को नहीं पीटा।..1/2 pic.twitter.com/vusHAGyWLh
— Priyanka Gandhi Vadra (@priyankagandhi) February 16, 2020
കഴിഞ്ഞ ഡിസംബര്‍ 15നാണ് പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലീസ് ലൈബ്രറിയില്‍ കയറി മര്‍ദ്ദിച്ചത്. ലൈബ്രറിയില്‍ കയറി മര്‍ദിച്ച സംഭവം വിവാദമായതോടെ ഇത് നിഷേധിച്ച് പോലീസ് രംഗത്ത് വന്നിരുന്നു. ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. ആഭ്യന്തര മന്ത്രി അമിത് ഷായും ഇത് തന്നെയായിരുന്നു ആവര്‍ത്തിച്ചത്. ആഭ്യന്തര മന്ത്രിയുടെയും ഡല്‍ഹി പോലീസിന്റെയും വാദങ്ങള്‍ കള്ളമായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ജാമിയയിലെ പഴയ റീഡിംഗ് ഹാളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയെന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പുറത്ത് വിട്ടിരിക്കുന്നത്. ലാത്തിയുമായി ഓടിക്കയറിയ പോലീസ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ തല്ലുകയും, പുസ്കങ്ങളും മറ്റും വലിച്ചെറിയുകയും ലൈബ്രറിയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെയും പോലീസ് ക്രൂരമായി തല്ലുന്നതായി കാണാം.