മംഗളൂരു: വിഖ്യാത സാക്സോഫോണ്‍ വിദഗ്ദനായ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69 വയസായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. നാദസ്വര വിദ്വാന് താനിയപ്പയുടെയും ഗംഗമ്മയുടെയും മകനായി മംഗളൂരുവിന് സമീപം മിത്തികെരെയിയില്‍ 1950ലായിരുന്നു ജനനം. കുട്ടിക്കാലം മുതല്‍ക്കെ സംഗീതത്തിനോട് പ്രിയം തോന്നിയ അദ്ദേഹം ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചു.
മൈസൂരു കൊട്ടാരത്തിലെ ബാന്‍ഡ് സംഘത്തെ കണ്ടതുമുതലാണ് സാക്സോഫോണിനോട് പ്രണയം തുടങ്ങിയത്. എന്‍.ഗോപാലകൃഷ്ണ അയ്യരില്‍ നിന്നാണ് സാക്സോഫോണ്‍ അഭ്യസിച്ചത്. ചെമ്പൈ സംഗീതോത്സവത്തിലായിരുന്നു ആദ്യ കച്ചേരി. ഭാര്യയും രണ്ട് മക്കളുമാണ് ഗോപാല്നാഥിനുള്ളത്. ഇതില്‍ മകന് മണികണ്ഠ് കദ്രി സംഗീതസംവിധായകനാണ്.
പാശ്ചാത്യ സംഗീതോപകരണമായ സാക്സോഫോണിനെ കര്‍ണാടക സംഗീതത്തിനുവേണ്ടി മെരുക്കിയെടുക്കാന്‍ അദ്ദേഹം എടുത്തത് മൂന്ന് പതിറ്റാണ്ടായിരുന്നു. 1970ല്‍ മുംബൈയില്‍ നടന്ന ജാസ് ഫെസ്റ്റിവലായിരുന്നു വഴിത്തിരിവ്. പിന്നീട് പ്രാഗ്, ബെര്‍ലിന്‍, മെക്സിക്കോ, പാസ്, എന്നിവിടങ്ങളിലെ ജാസ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് അദ്ദേഹം തന്റെ മികവ് തെളിയിക്കുകയും ചെയ്തു.
ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. എആര്‍ റഹ്മാന് തന്റെ നിരവധി ഗാനങ്ങള്‍ക്ക് ഗോപാല്‍നാഥിന്റെ പ്രതിഭ ഉപയോഗിച്ചിട്ടുണ്ട്. ഏതാണ്ട് മുപ്പത് രാഗങ്ങളാണ് ഗോപാല്‍നാഥ് റഹ്മാനുവേണ്ടി വായിച്ചിട്ടുള്ളത്. സംഗീത നാടക അക്കാദമി അവാര്‍ഡും സംഗീത കലൈമാമണി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.