ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന്റെ ലഹരിയിലേയ്ക്ക് കടക്കുകയാണ് ഉത്തരേന്ത്യ. പടക്കം പൊട്ടിച്ചും ദീപം തെളിയിച്ചും വന്‍ ആഘോഷം തന്നെയാണ് നടക്കുന്നത്. എന്നാല്‍ പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍. ദീപാവലി ആഘോഷത്തില്‍ മുസ്ലീങ്ങളെ പങ്കെടുപ്പിക്കരുതെന്നാണ് ഉയര്‍ത്തിയിരിക്കുന്ന ആവശ്യം. ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഹിന്ദുവെന്ന് ഉറപ്പ് വരുത്തണമെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുന്നു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ, ഡാണ്ടിയ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും ഒരൊറ്റ മുസ്ലീങ്ങളെപ്പോലും പരിപാടിയില്‍ പങ്കെടുക്കാനോ സംഘാടകരാകാനോ അനുവദിക്കരുതെന്നുമാണ് ബജ്റംഗദള്‍ മീഡിയ കണ്‍വീനര്‍ എസ് കൈലാഷ് ആവശ്യപ്പെടുന്നത്.
ഹിന്ദുക്കളല്ലാത്ത സമുദായക്കാരെ തിരിച്ചറിയുന്നതിനായി പരിപാടികളുടെ എന്‍ട്രി പോയിന്റുകളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നാണ് ഇദ്ദേഹം എല്ലാ ‘ഗര്‍ബ’, ഡാണ്ടിയ സംഘാടകരോടും ആവശ്യപ്പെട്ടു. ‘വേദികളിലേക്ക് പ്രവേശിക്കുന്ന ഹിന്ദുക്കളല്ലാത്തവരെ തിരിച്ചറിയുന്നതിന് വേണ്ടി പ്രവേശന പരിപാടികളില്‍ ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ സംഘാടകരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടികളുടെ സംഘാടനത്തിന് ഹിന്ദുക്കളല്ലാത്തവരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ചുമതലപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്’- കൈലാഷ് പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഹിന്ദുക്കളല്ലാത്ത ചിലര്‍ ഈ പരിപാടികളിലേക്ക് പ്രവേശിക്കുകയും ഇത്തരം പരിപാടികളോട് യാതൊരു ബഹുമാനവും പരിഗണനയും കാണിക്കാതെ പല അവസരങ്ങളിലും ഡാണ്ടിയയിലും ഗര്‍ബയിലും പങ്കെടുക്കുന്ന സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ട്. ഇവരുടെ രക്ഷയ്ക്കെത്തുന്നവരെ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തിലാണ് മുസ്ലീങ്ങളെ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബജ്റംഗ്ദളിന്റെ കാര്യകര്‍ത്താക്കള്‍ അതാതു സംഘങ്ങള്‍ക്കൊപ്പം വേദികളില്‍ ഉണ്ടാകണമെന്നും ഏതെങ്കിലും രീതിയിലുള്ള അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് മുഴുവന്‍ പരിപാടികളും തടസപ്പെടാന്‍ ഇടയാക്കുമെന്നും കൈലാഷ് മുന്നറിയിപ്പ് നല്കി.