ഹൈദരാബാദ്: പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ എട്ടിന് മുന്‍പ് ഇവര്‍ ബിജെപിയിലേക്ക് ചേരുമെന്നാണ് സൂചന.
തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുള്ള നടിയുടെ തിരിച്ചു വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 20 അസംബ്ലി സീറ്റുകളില്‍ തങ്ങളുടെ പ്രധാന പ്രചാരകരില്‍ ഒരാളായി വിജയശാന്തിയെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ബിജെപിയിലെ പ്രധാന നേതാക്കള്‍.
കോണ്‍ഗ്രസ് നേതാക്കളില്‍, ആന്ധ്ര പ്രദേശ് മുന്‍ ഡപ്യൂട്ടി മുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹ, മുന്‍ കേന്ദ്രമന്ത്രി സര്‍വേ സത്യനാരായണ, മുന്‍ എംഎല്‍എ കോമതി രാജഗോപാല്‍ റെഡ്ഡി, എന്നിവരെയും ബിജെപിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
ദാമോദര്‍ രാജനരസിംഹ, സര്‍വേ സത്യനാരായണ എന്നിവര്‍ ഈ വാര്‍ത്ത തള്ളിയെങ്കിലും കോമതി ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി വ്യക്തമാക്കി.