ന്യൂയോര്‍ക്ക്: പാകിസ്താനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്താന് ഭീകരര്‍ക്ക് പെന്ഷന് വരെ നല്കുന്ന രാജ്യമാണെന്ന് ഇന്ത്യ തുറന്നടിച്ചു. യുഎന്‍ പട്ടികയിലുള്ള ഭീകരര്‍ പാകിസ്താനില്‍ ഇല്ലെന്ന് ഉറപ്പ് തരുമോ എന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി വിദിശ മൈത്ര ചോദിച്ചു.
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഭീകരവാദത്തെ ന്യായീകരിക്കുന്നുവെന്നും ഉസാമ ബിന്‍ലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന് ഖാനെന്നും മൈത്ര കൂട്ടിച്ചേര്‍ത്തു. കാശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.
ലോകത്തിന് ഒരു ദര്‍ശനം പകരാനാണ് സാധാരണ നേതാക്കള്‍ ഐക്യരാഷ്ട്ര സഭയെ ഉപയോഗിക്കുന്നതെന്നും ആ വേദി ദുരുപയോഗം ചെയ്യുന്ന പാകിസ്താനെയാണ് ഇന്നലെ കണ്ടതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരവാദം വ്യവസായമാക്കിയ രാജ്യം എന്തിന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കണമെന്നും ഇന്ത്യ ചോദിച്ചു.
ജമ്മു കാശ്മീരില്‍ ഇന്ത്യ എടുത്ത തീരുമാനം അവിടുത്തെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്. ആ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ തന്നെ ഭീകരരായി മുദ്രകുത്തിയിട്ടുള്ള 130 പേര് ഇപ്പോഴും പാകിസ്താനില്‍ ഉണ്ട്. ഉസാമ ബിന്‍ലാദനെ ന്യായീകരിച്ച വിഷയത്തില്‍ ഇമ്രാന് ഖാന് ന്യൂയോര്‍ക്കിലെ ജനങ്ങളോട് മറുപടി നല്‍കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇമ്രാന് ഖാന് ഇന്നലെ ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞിരുന്നു. ഇത് പരിശോധിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയിലെ നിരീക്ഷകരെ അനുവദിക്കാമെന്നും ഇമ്രാന് ഖാന് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ പാകിസ്ഥാന് പാലിക്കുമോ എന്ന് ലോകം ഉറ്റുനോക്കുമെന്നും ഇന്ത്യ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.