ബംഗളൂരു: രാജ്യത്തുള്ള ഫെമിനിസവും മീടൂവും അവസാനിപ്പിക്കാന്‍ പിശാചിനിമുക്തി പൂജ ചെയ്ത് ഒരു കൂട്ടം പുരുഷ കേസരികള്‍. കര്‍ണാടക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി എന്ന പുരുഷ സംഘടനയാണ് പൂജ നടത്തിയത്. ഈ മാസം 22നായിരുന്നു പൂജ.
ഇത് സംബന്ധിച്ച് ഇറക്കിയ നോട്ടീസുകളും ബ്രോഷറുകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഈ സംഘടന സമാനമായ പൂജ നടത്തിയിരുന്നു. ഇവരുടെ നോട്ടീസില്‍ രാജ്യത്തുള്ള ഫെമിനിസവും മീടൂവും അവസാനിപ്പിച്ച് ഇന്ത്യന്‍ കുടുംബങ്ങളെ രക്ഷിക്കാനാണ് പൂജനടത്തുന്നതെന്ന് പറയുന്നുണ്ട്. മീടൂവിനെ ഡിജിറ്റല്‍ ആള്‍ക്കൂട്ട ആക്രമണമെന്നാണ് സംഘടന വിശേഷിപ്പിച്ചിരിക്കുന്നത്.
സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിലൂടെ പുരുഷന്മാരെ ശിക്ഷിക്കുന്നതിനെതിരെയാണ് സംഘടന ആരംഭിച്ചത്. ഈ സംഘടനയുടെ വെബ്സൈറ്റ് ബലാത്സംഗം, പീഡനം എന്നീ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന പുരുഷന്മാരെ പ്രതിരോധിക്കുന്ന വാര്‍ത്താ ക്ലിപ്പിംഗുകള്‍ കൊണ്ട് നിറഞ്ഞതാണ്. വ്യാജ ഗാര്‍ഹിക പീഡനം, വ്യാജ ബലാത്സംഗം, സ്ത്രീധന കേസുകള്‍ എന്നിവയ്ക്കെതിരെയാണ് സംഘടനയുടെ പോരാട്ടം എന്നാണ് അവകാശവാദം.