ലഖ്നൗ: വരും ദിവസങ്ങളില്‍ തന്നെയും അവര്‍ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പോലീസ് ഓഫീസര്‍ സുബോധ്കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ്.
കേസിലെ മുഖ്യപ്രതി യോഗേഷ് രാജിനടക്കം പ്രതികളായ 33 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു രജനി സിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രതികള്‍ക്ക് ജാമ്യമടക്കം അനുവദിച്ച നിയമവ്യവസ്ഥിതിയില്‍ താന്‍ വളരെയധികം അസ്വസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പശുവിന്റെ പേരിലുണ്ടായ ആക്രമണത്തിന്റെ പേരില്‍ 400 ഓളം പേര് ചേര്‍ന്നാണ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയത്. കേസിലെ ആറു പ്രതികളെ നേരത്തെ സെഷന്‍സ് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.
പുറത്തിറങ്ങിയ പ്രതികള്‍ക്ക് ബജ്രഗംദള്‍ പ്രവര്‍ത്തകര്‍ വന്‍സ്വീകരണം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ്ഷഹറിലെ വനമേഖലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപമുണ്ടായത്. കലാപത്തിനിടെയാണ് സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്.
തട്ടിക്കൊണ്ടുപോയ കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിംഗ്. ക്രൂരമായ രീതിയിലാണ് ആക്രമികള്‍ ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയത്.