ഭോപ്പാല്‍: പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ദളിത് കുട്ടികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഹക്കിം യാദവ്, സഹോദരന് രാമേശ്വര്‍ യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
പത്ത് വയസ്സുള്ള അവിനാഷ് ബാല്മീകി, സഹോദരി പന്ത്രണ്ട് വയസ്സുള്ള റോഷ്നി ബാല്മീകി എന്നിവരെയാണ് രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മുത്തശ്ശനെയും മുത്തശ്ശിയെയും കാണാനായി പുറപ്പെട്ട കുട്ടികളെ ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടത്തിന് സമീപം വിസര്‍ജിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം, ഗ്രാമത്തില്‍ ജാതിവിവേചനം ശക്തമാണെന്നും പൊതുടാപ്പില്‍ നിന്ന് മറ്റുള്ളവര്‍ വെള്ളമെടുത്തതിന് ശേഷം മാത്രമെ ദളിത് വിഭാഗക്കാര്‍ക്ക് അവസരം ലഭിക്കുകയുള്ളൂ എന്നും കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന് മനോജ് ബാല്മീകി പറഞ്ഞു. ജാതീയമായി അധിക്ഷേപിച്ചതിന് രണ്ടുവര്‍ഷം മുമ്പ് പ്രതികളുമായി വാക്കേറ്റമുണ്ടായതായും തന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ബാല്മീകി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.