മഥുര: വിവാഹം മുടങ്ങിയതിന്റെ പേരില്‍ നടുറോഡില്‍ കാര്‍ കത്തിച്ചും വെടിയുതിര്‍ത്തും യുവാവിന്റെ പരാക്രമം. സംഭവത്തില്‍ യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റിഫൈനറി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ശുഭം ചൗധരിയാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് വിചിത്രമായ സംഭവം.
വാഹനം കത്തിച്ചതിന് പുറമേ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് ഇയാള്‍ ആകാശത്തേക്ക് തുരുതുരെ വെടിയുതിര്‍ത്തു. ഭീകരാന്തരീക്ഷമാണ് യുവാവ് സൃഷ്ടിച്ചത്. സ്വന്തം വാഹനം തന്നെയാണ് ഇയാള്‍ കത്തിച്ചത്. അതേസമയം ഇടയ്ക്ക് അഴിമതിയെ കുറിച്ച് ഇയാള്‍ പരാതിപ്പെടുന്നുണ്ടായിരുന്നതായി സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന യുവതി ഭാര്യയാണെന്നും ബിസിനസ് പങ്കാളിയാണെന്നും സഹോദരിയാണെന്നും ഇയാള്‍ മാറ്റി മാറ്റി പറയുന്നുണ്ട്. ഇത് പോലീസിനെയും കുഴപ്പിച്ചു. പ്രതിയുടെ മാനസികാരോഗ്യനിലയെകുറിച്ചും തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇയാളുടെ പക്കലെത്തിയതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. കൂടെയുണ്ടായിരുന്ന യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നവംബറില്‍ നടക്കാനിരുന്ന ശുഭം ചൗധരിയുടെ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് ഇയാള്‍ കടുത്ത മാനസിക സംഘര്ഷത്തിലായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.