പട്ന: വീണ്ടും രാജ്യത്ത് ആള്‍ക്കൂട്ട മര്‍ദ്ദനം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇത്തവണ മര്‍ദ്ദനത്തിന് ഇരയായത് ജനം അല്ല. മറിച്ച് പോലീസ് ഉദ്യോഗസ്ഥരാണ്. ബിഹാറിലെ മുസാഫര്‍പുരിലാണ് അമ്പരപ്പിക്കുന്ന ആക്രമണം നടന്നത്. കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ അഴുക്ക് ചാലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസുകാരെ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചു. വലിയ മുളവടികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. മര്‍ദ്ദനത്തോടൊപ്പം പോലീസുകാരെ ആള്‍ക്കൂട്ടം അപമാനിക്കുന്നുണ്ട്.
ഒരാളുടെ മുഖത്ത് അടിയേറ്റ് രക്തമൊഴുകുന്നുമുണ്ട്. ശനിയാഴ്ചയാണ് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ ആള്‍ക്കൂട്ടം മുസഫര്‍പുരിലെ ഔറൈ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. അജ്ഞാതരുടെ അടിയേറ്റാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ശേഷം അക്രമികളെ പിരിച്ചുവിടാന്‍ പോലീസിന് ആകാശത്തേയ്ക്ക് വെടിവെയ്ക്കേണ്ടി വന്നു.