ന്യൂഡല്‍ഹി: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കര്‍ ഇനി രാഷ്ട്രപുത്രി. പദവി നല്കാന് തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 90 തികയുന്ന സെപ്റ്റംബര്‍ 28ന് രാഷ്ട്രപുത്രിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ സിനിമാ പിന്നണിഗാന രംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.
ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ അവതരിപ്പിക്കാനായി ഗാനരചയിതാവ് പ്രസൂണ്‍ ജോഷി ഒരു പ്രത്യേക ഗാനവും ഒരുക്കിയിട്ടുണ്ട്. എംസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായിക കൂടിയാണ് ലതാ മങ്കേഷ്ക്കര്‍.
ലത മങ്കേഷ്ക്കര്‍ ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2001ല്‍ ഭാരതരത്നയും.