മുംബൈ: പുതുതായി പുറത്തിറക്കിയ നോട്ടുകളുടെ വലിപ്പം കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി ആര്‍ബിഐ രംഗത്ത്. പഴ്സുകളില് സൂക്ഷിക്കാനുള്ള സൗകര്യം മാനിച്ചാണെന്നാണ് നല്കുന്ന വിശദീകരണം. പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന്‍ നേരിടുന്ന ബുദ്ധിമുട്ട് വിശദമാക്കി നാഷണല്‍ അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോംബെ ഹൈക്കോടതിയിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
കാഴ്ചവൈകല്യമുള്ളവര്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍ നോട്ടുകളും നാണയങ്ങളും പുറത്തിറക്കാനുള്ള നിര്‍ദേശങ്ങള്‍ കോടതി നല്‍കണമെന്നും പൊതു താല്പര്യ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഡോളര്‍ അടക്കമുള്ള അന്താരാഷ്ട്ര കറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന നോട്ടുകളേക്കാള്‍ വലിപ്പം കുറവാണെന്നും റിസര്‍വ് ബാങ്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി ആര് ധോന്ദ് കോടതിയെ അറിയിച്ചു.
പഴ്സില്‍ വെക്കാവുന്ന തരത്തിലുള്ളതാവുമ്പോള് നോട്ടുകള്‍ കീറുന്നതും മുഷിയുന്നതും ഒഴിവാക്കാമെന്നും വലിപ്പം കുറച്ചുള്ള നോട്ടുനിര്മ്മാണം ഉദ്പാദനചെലവ് കുറയ്ക്കുമെന്നും ആര്‍ബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. കാഴ്ചവൈകല്യമുള്ളവര്ക്കും സൗകര്യപ്രദമായ രീതിയിലാണ് പുതിയ നോട്ടുകള്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്നും വി ആര് ധോന്ദ് കൂട്ടിച്ചേര്‍ത്തു.
കാഴ്ചവൈകല്യമുള്ളവര്‍ക്ക് സഹായമാവുന്ന നോട്ടുകളിലെ ചില പ്രത്യേകതകള്‍ ചെറിയ മൂല്യമുള്ളവയില്, വിനിമയം കൂടുതലായതിനാല്‍ വേഗം നഷ്ടമാവുന്നുവെന്നും അതിനാല്‍ ചെറിയമൂല്യമുള്ള നോട്ടുകളുടെ നിര്‍മ്മാണം കുറയ്ക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നുണ്ടെന്നും ധോന്ദ് വ്യക്തമാക്കി.