തിരുപ്പൂര്‍: വയറിളക്കാനുള്ള മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യമാരെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഒരാള്‍ മരണപ്പെട്ടു. രണ്ടാമത്തെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ആണ് നടുക്കുന്ന സംഭവം നടന്നത്. ഇറച്ചിക്കട നടത്തുന്ന തിരുപ്പൂര്‍ സ്വദേശിയായ രമേശ് ആണ് ഭാര്യമാരില്‍ ഒരാളെ തല്ലിക്കൊന്നത്.
ഭാര്യമാരായ ശാന്തി, തിലകവതി, മക്കളും രമേശും അടക്കം എല്ലാവരും ഒരേവീട്ടിലാണ് താമസിച്ച് വന്നിരുന്നത്. മദ്യപാനിയായ രമേശ് ഭാര്യമാരുടെ സഹായത്തോടെയാണ് ഇറച്ചിക്കട നടത്തുന്നത്. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താനായി ഇയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഉറപ്പിച്ച ഭാര്യമാര്‍ ഭക്ഷണത്തില്‍ വയറിളക്കത്തിനുള്ള മരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു.
ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ രമേശിന് അസ്വാഭാവികത അനുഭവപ്പെട്ടു. തുടര്‍ന്ന് കാരണം ചോദിച്ച് ഭാര്യമാരെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ക്രൂരമായ മര്‍ദ്ദനത്തില്‍ ബോധരഹിതയായ ശാന്തി ചൊവ്വാഴ്ച മരണപ്പെടുകയായിരുന്നു. തിലകവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുപ്പൂര്‍ പോലീസ് രമേശിനെ അറസ്റ്റ് ചെയ്തു.