ബാംഗ്ലൂര്‍: കര്‍ണാടക നിയമ സഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ടതിന് രാജിവെക്കേണ്ടി വന്ന നേതാവിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി. നിയമ സഭാ സമ്മേളനം നടക്കുന്നതിനിടെ അശ്ലീല വീഡിയോ കണ്ടതിന് രാജിവെച്ച ലക്ഷ്മണ് സാവദിയെയാണ് ബിജെപി ഉപമുഖ്യമന്ത്രിയാക്കിയത്.
ലക്ഷ്മണ് സാവദി, സിസി പാട്ടീല്‍, കൃഷ്ണ പാലേമര് എന്നിവരാണ് 2012ല്‍ നിയമസഭ സമ്മേളനം നടക്കുന്ന സമയത്ത് അശ്ലീല വീഡിയോ കണ്ടത്. സംഭവം വിവാദമായതോടെ മൂന്ന് പേരും രാജിവെച്ചിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാര്‍ട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ് അന്ന് വിശദീകരിച്ചത്. മംഗളൂരിലെ മദ്യപാന പാര്‍ട്ടികളെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് എംഎല്‍എമാര്‍ പോണ് വീഡിയോ കണ്ടത്.
അതെസമയം തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ലക്ഷ്മണ് സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനെതിരെ ബിജെപി എംഎല്‍എ എംപി രേണുകാചാര്യ രംഗത്തെത്തി. അടിയന്തിരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് രേണുകാചാര്യ പറഞ്ഞു.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കുന്നതില്‍ ചരടുവലിച്ച പ്രധാനികളിലൊരാളാണ് ലക്ഷ്മണ് സാവദി എന്നതിനാല്‍, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ലക്ഷ്മണ് സാവദിയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചത്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാണ് യെദ്യൂരപ്പ സംസ്ഥാന ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഒരുവിധം പരിഹരിച്ചത്. ഗോവിന്ദ് കര്ജോള്, അശ്വന്ത് നാരായണ്‍, ലക്ഷ്മണ് സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരാക്കിയത്.