ന്യൂഡല്‍ഹി: പട്ടത്തിന്റെ ചില്ല് പൊടി പതിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി നാല് വയസുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു കുട്ടി. ഡല്‍ഹിയിലെ കജൗരി ഖാസ് പ്രദേശത്താണ് സംഭവം. സമാനമായ തരത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സംഭവം രാജ്യത്ത് തുടര്‍കഥയാവുകയാണ്. സ്വതന്ത്ര്യദിനത്തിന്റെ ആഘോഷത്തിനിടയിലും സമാനമായ സംഭവം നടന്നിരുന്നു.
സോണിയ വിഹാറില്‍ താമസിക്കുന്ന ഇഷിക എന്ന നാലരവയസുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജമുന ബസാറിലെ ഹനുമാന് മന്ദിറിലേക്ക് അച്ചനും അമ്മയ്ക്കും ഒപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇഷിക.
ബൈക്കിന്റെ മുന്‍ വശത്താണ് കുട്ടി ഇരുന്നിരുന്നത്. പട്ടത്തിന്റെ കയറ് കുരുങ്ങി കഴുത്തിന് സാരമായി മുറിവേറ്റ ഇഷികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.