ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുമായുള്ള ദാമ്പത്യജീവിതത്തിലെ പാളിച്ചകള്‍ കാരണം സുനന്ദ പുഷ്കര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് ഡല്‍ഹി പോലീസ്. ശശി തരൂര്‍ ഇവരെ പീഡിപ്പിച്ചിരുന്നെന്നും ഇതാണ് അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നുമാണ് പോലീസ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം പ്രകാരം മരണ കാരണം വിഷമാണെന്നും അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പരിക്കേറ്റ അടയാളങ്ങള്‍ കണ്ടെത്തിയെന്നും പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനോട് അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. കൈത്തണ്ട, കൈ, കാല് തുടങ്ങിയ ഭാഗങ്ങളിലാണ് പരിക്ക് കണ്ടെത്തിയിരിക്കുന്നത്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തരൂരിനെതിരെ ആരോപണം ഉന്നയിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെയാണ് ഡല്‍ഹി പോലീസിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയാണ് ഈ വാദം ഉന്നയിച്ചത്.
നിലവില്‍ കേസില്‍ ജാമ്യത്തിലിരിക്കുന്ന ശശി തരൂര്‍ എംപിക്കെതിരെ ഐപിസി 498-എ (ഭര്‍ത്താവോ ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു), ഐപിസി 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. പകിസ്താന് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് ഉണ്ടായിരുന്ന ബന്ധവും ദാമ്പത്യത്തെ ബാധിച്ചിരുന്നുവെന്നും പ്രോസിക്യൂഷന് പറഞ്ഞു. മെഹറിന് തരൂര്‍ അയച്ച ഇമെയിലുകള്‍ ലഭിച്ചുവെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. അതേസമയം അത്തരം ഇമെയില്‍ സന്ദേശത്തെക്കുറിച്ച് അറിയില്ലെന്നാണ് തരൂരിന്റെ അഭിഭാഷകന് വികാസ് പഹ്വ പറഞ്ഞത്. അടുത്ത വാദം കേള്‍ക്കുന്നതിനായി കേസ് ഓഗസ്റ്റ് 31 ലേക്ക് മാറ്റിയിരിക്കുകയാണ്.