ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടി നേതാവായ ഷെഹല റാഷിദിനെതിരെ പ്രതിഷേധം ശക്തം. സൈന്യത്തിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ഷെഹലയ്ക്കെതിരെ പ്രതിഷേധം ആര്‍ത്തിരമ്പുന്നത്. ഇപ്പോള്‍ ഷെഹലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്കി.
സുപ്രീംകോടതി അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഷെഹല റാഷിദിനെതിരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. കാശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഷെഹല റാഷിദ് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായ ട്വീറ്റുകളിലൂടെയായിരുന്നു അവര്‍ ഓരോ സാഹചര്യവും വിശദീകരിച്ചിരുന്നത്. സൈനികര്‍ രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ചുകയറി ആളുകളെ പിടികൂടുകയാണെന്നും വീടും വീട്ടിലെ ഭക്ഷ്യവസ്തുക്കളും നശിപ്പിക്കുകയാണെന്നും ആയിരുന്നു ഷെഹല ആരോപിച്ചത്.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സൈന്യത്തെ അപമാനിച്ചുവെന്നാണ് ഷെഹലയ്ക്കെതിരെ ഉയര്‍ന്ന ആരോപണം. ഷോപ്പിയാനില്‍ നാലുപേരെ സൈനിക ക്യാംപിലെത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇത് മൈക്കിലൂടെ കേള്‍പ്പിച്ച് പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ട്വീറ്റിലുണ്ടായിരുന്നു. അതേസമയം ഷെഹല റാഷിദിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അവര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും സൈന്യവും വിശദീകരണം നല്കി.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് വൈസ് പ്രസിഡന്റായിരുന്ന ഷെഹല റാഷിദ് 2016-ലെ ജെഎന്‍യു സമരത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ ഷെഹലയുമുണ്ടായിരുന്നു.