ന്യൂഡല്‍ഹി: തീപിടുത്തത്തെ തുടര്‍ന്ന് രോഗികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയിംസില്‍ നിന്ന് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കാണ് രോഗികളെ മാറ്റിയത് എന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. അടിയന്തര രോഗികളെയാണ് ആശുപത്രിയില്‍ നിന്ന് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് അഞ്ചോടെ ആണ് എയിംസ് ആശുപത്രിയിലെ ടീച്ചിങ് ബ്ലോക്കില്‍ തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. പുകയെ തുടര്‍ന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത് മാത്രമാണ് രോഗികളെ ആശങ്കയിലാഴ്ത്തിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
അഞ്ച് മണിക്കൂറുകള്‍ക്ക് നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 34 ഫയര്‍ യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ എത്തിയത്. എയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തമാണിതെന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ കുറിച്ച് പറഞ്ഞത്. അതേസമയം എയിംസില്‍ ചികിത്സയില്‍ ഇരിക്കുന്ന മുന്‍ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മറ്റൊരു കെട്ടിടത്തിലാണ് ഉണ്ടായിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.