ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാക്കിര്‍ നഗറിലെ ഫ്ളാറ്റില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറു പേര് വെന്തുമരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന കെട്ടിടത്തിലാണ് അര്‍ധരാത്രിയോടെ തീപിടിത്തമുണ്ടായത്.
മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ രണ്ട് മണിയോടെ, കെട്ടിടത്തിലെ ഒരു ഇലക്ട്രിസിറ്റി ബോക്സിലുണ്ടായ തീ പിടിത്തം കെട്ടിടം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. ജാമിയ മിലിയ സര്‍വകലാശാലയുടെ തൊട്ടടുത്താണ് തീപിടിത്തമുണ്ടായത്. ഇതോടെ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചത്. തീപിടുത്തത്തില്‍ ചിലര്‍ വെന്തുമരിച്ചു.
ചിലര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു. ഇങ്ങനെ പരിക്കേറ്റവരുടെ നിലയും ഗുരുതരമായി തുടരുകയാണ്. കെട്ടിടത്തിന് ചുറ്റും നിര്‍ത്തിയിട്ടിരുന്ന ഏഴ് കാറുകളും എട്ട് ബൈക്കുകളും തീ പിടിത്തത്തില്‍ കത്തി നശിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍ രാത്രി മുഴുവന്‍ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചത്.