ന്യൂഡല്‍ഹി: സൈനിക ക്യാമ്പില്‍ നിന്ന് രഹസ്യം ചോര്‍ത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ രഖിബ് (34), മഹ്താബ് (28), ശ്യാമിലി സ്വദേശി ഖാലിദ് (25) എന്നിവരാണ് പിടിയിലായത്. ഹരിയാനയിലെ ഹിസാറിലെ സൈനിക ക്യാമ്പില്‍ നിന്നാണ് ഇവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത്.
പിടിയിലായവരുടെ മൊബൈല്‍ ഫോണില്‍ നിന്നും സൈനിക ക്യാമ്പുകളുടെ ഫോട്ടോകളും വീഡിയോകളും സൈനികരുടെ സഞ്ചാരപാതയുടെ ദൃശ്യങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പാക് ഏജന്റുകളുമായി ഇവര്‍ വാട്സാപ്പില്‍ വോയിസ്, വീഡിയോ കോളുകളിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് മിലിട്ടറി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.
പിടിയിലായവര്‍ ഹിസാര്‍ കന്റോണ്മെന്റില് കെട്ടിടനിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി മൂവരെയും ഹിസാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.