ശ്രീനഗര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജമ്മു കാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും കുഴി ബോംബുകളും കണ്ടെത്തി. ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സേനാവക്താക്കള്‍ ഇക്കാര്യം അറിയിച്ചത്.
അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളിലൊന്ന് ഭീകരത്താവളങ്ങളിലുണ്ടായിരുന്നതായി സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളും തീര്‍ത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കാശ്മീരിലുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
പ്രദേശത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് താഴ്വരയില് നിന്ന് ഒഴിഞ്ഞു പോകാന്‍ തീര്‍ഥാടകര്‍ക്കും കശ്മീരിലെ വിനോദ സഞ്ചാരികള്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കര, വ്യോമ സേനയ്ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി.