ന്യൂഡല്‍ഹി; ഉന്നാവോ കേസ് പരിഗണിക്കുന്നതിനിടെ വികാരഭരിതമായി സുപ്രീംകോടതി. കേസിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്നതിനിടെ അമിക്കസ് ക്യൂറി വി ഗിരി വികാരഭരിതനായി വിതുമ്പി. എന്റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടുപോലുമില്ലെന്ന് വിതുമ്പിക്കൊണ്ട് വി ഗിരി പറഞ്ഞു.
കേസിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്നതിനിടെയാണ് വി ഗിരി വികാരഭരിതനായത്. ‘ഒരു സാധാരണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആകുന്നു. പിന്നീട് ഇരയുടെ പിതാവിനെ കേസ്സില്‍ കുടുക്കി കസ്റ്റഡിയില്‍ എടുക്കുന്നു. തുടര്‍ന്ന് കസ്റ്റഡിയില്‍ വച്ച് പിതാവ് കൊല്ലപ്പെടുന്നു. ബലാല്‍സംഗ കേസ് വിചാരണയ്ക്ക് വരാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടുപോലുമില്ല- വി ഗിരി പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ജീവന് നിലനിര്‍ത്താന്‍ വെന്റിലേറ്ററിലാണെന്നും വിതുമ്പിക്കൊണ്ട് വി ഗിരി പറഞ്ഞു. ഇതെല്ലാം കേട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്
ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ വാഹനാപകടത്തില്‍ പെട്ട കേസിന്റെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.