പൊള്ളാച്ചി: മകന്റെ പത്ത് മാസം പ്രായമായ കുഞ്ഞിനെ ഇഷ്ടികയ്ക്ക് ഇടിച്ച് കൊലപ്പെടുത്തി മുത്തച്ഛന്. തന്റെ രണ്ടാം ഭാര്യ പിണങ്ങി പോയതിന്റെ കാരണം മകനും മരുമകളും ആണെന്ന് പറഞ്ഞുകൊണ്ടാണ് ആ ദേഷ്യത്തില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കിണത്തുക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജ് (48) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒത്തക്കല്‍ മണ്ഡപം തൊപ്പം പാളയത്തെ വഴിയരികിലെ കുറ്റിക്കാട്ടില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന് കുമാറിന്റെ ഏക മകള്‍ ധര്ഷിനിയെയാണ് കൊലപ്പെടുത്തിയത്.
ഭാര്യ പിണങ്ങിപ്പോയതിന് ശേഷം മകന്റെ വീട്ടിലെത്തിയ ശെല്‍വരാജ് മരുമകളുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയേയും എടുത്ത് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്താനായില്ല, തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. ശേഷം നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛന് അറസ്റ്റിലായത്.