ഗുവഹാട്ടി: ഒരു കിലോ തേയിലയ്ക്ക് 50,000 രൂപ. ഒരു കിലോയ്ക്ക് ഇത്രയും രൂപയോ എന്ന് അമ്പരക്കാന്‍ വരട്ടെ. ഇത് ആസാമിലെ ഒരു തോട്ടത്തില്‍ നിന്നെത്തിച്ച മനോഹരി ഗോള്‍ഡ് ടീയാണ്. ചൊവ്വാഴ്ച രാവിലെ നടന്ന ലേലത്തിലാണ് മനോഹരി ഗോള്‍ഡ് തേയിലയ്ക്ക് ഇത്രയും വില ലഭിച്ചത്. ഒരു തേയിലയ്ക്ക് ലേലത്തില്‍ ഇത്രയും വലിയ തുക ലഭിക്കുന്നത് ആദ്യമാണ്.
കഴിഞ്ഞ കൊല്ലം ഇതേ ബ്രാന്‍ഡ് തേയില ലേലത്തില്‍ വിറ്റത് 39, 001 രൂപയ്ക്കായിരുന്നു. എന്നാല്‍ അധികം താമസിയാതെ അരുണാചല്‍ പ്രദേശില്‍ ഗോര്‍ഡന്‍ നീഡില്‍ ഇനത്തില്‍ പെട്ട തേയില കിലോയ്ക്ക് 40,000 രൂപയ്ക്ക് വിറ്റതോടെ പുതിയ റെക്കോര്‍ഡ് വഴി തുറക്കുകയായിരുന്നു. ഇക്കൊല്ലം അഞ്ച് കിലോ മനോഹരി ഗോള്‍ഡ് തേയില മാത്രമേ ഉത്പാദിപ്പിക്കാന്‍ സാധിച്ചുള്ളൂവെന്ന് ദിബ്രൂഗഡിലെ മനോഹരി തേയിലത്തോട്ടമുടമ രാജന് ലോഹ്യ പറഞ്ഞു.
ഈ തേയിലയുടെ ഉത്പാദനം പ്രയാസമേറിയതിനാലാണ് തുകയും നാലിരട്ടി ഏറിയത്. ഇക്കൊല്ലം കാലാവസ്ഥ പ്രതികൂലമായതിനാലാണ് ഉത്പാദനം കുറയാന്‍ ഇടയായതെന്നും ലോഹ്യ കൂട്ടിച്ചേര്‍ത്തു. സൗരഭ് ടീ ട്രേഡേഴ്സിലെ മഞ്ജിലാല്‍ മഹേശ്വരി എത്തിച്ച മനോഹരി തേയിലയാണ് റെക്കോഡ് തുകയ്ക്ക് വിറ്റുപോയത്. രണ്ട് കിലോ തേയിലയാണ് മഹേശ്വരി എത്തിച്ചത്. ബാക്കിയുണ്ടായിരുന്ന തേയില നൂറ് ഗ്രാമിന് എണ്ണായിരം രൂപയ്ക്കാണ് വിറ്റു പോയത്. സാധാരണയായി ഇലകളില്‍ നിന്നാണ് തേയില ഉത്പാദിപ്പിക്കുന്നതെങ്കിലും മനോഹരി തേയില ഉണ്ടാക്കുന്നത് ചെറിയ മുകുളങ്ങളില്‍ നിന്നാണ്. മെയ്-ജൂണ്‍ മാസങ്ങളില്‍ നുള്ളിയെടുക്കുന്ന മുകുളങ്ങളാണ് തേയില ഉത്പാദനത്തിന് ഉപയോഗിക്കുന്നത്.