ലക്നൗ: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവം വിവാദമായതിന് പിന്നാലെ ആരോപണവിധേയനായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. പ്രതിയെ ബിജെപി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
അപകടത്തില്‍ യുപി പോലീസ് കുല്‍ദീപ് സെന്‍ഗാറിനും സഹോദരനും അടക്കം 10 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ സെന്‍ഗര്‍ ഇപ്പോഴും ബിജെപി അംഗമായി തുടരുന്നു എന്നത്, പാര്‍ട്ടി അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
ഉന്നാവോ പെണ്‍കുട്ടി ജീവന് വേണ്ടി പോരാടുകയാണ്. എന്നാല്‍ പീഡനക്കേസില്‍ ജയിലിലായ കുല്‍ദീപ് സെന്‍ഗാര്‍ ഇപ്പോഴും ബിജെപി അംഗമാണ്. പീഡനക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ബിജെപി നിര്‍ത്തണമെന്ന് പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ചയാണ് ഉന്നാവോ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍, സഹോദരന് എന്നിവടക്കം എട്ടുപേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.