ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഉന്നാവോ സംഭവത്തില്‍ മറുപടി പറയേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നായിരുന്നു ബിജെപിയുടെ മറുപടി. അതേസമയം, സംഭവത്തിന് പിന്നില്‍ സമാജ് വാദി പാര്‍ട്ടിയാണെന്നും ബിജെപി ആരോപിച്ചു. അപകടത്തിനിടയാക്കിയ ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ബിജെപി ആരോപിച്ചു.
എന്നാല്‍ വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചു.