ഏറ്റ: മദ്യപിച്ച് മയക്കത്തിലായതിനിടെ കടിച്ച പാമ്പിനെ കടിച്ച് മുറിച്ച് കഷ്ണങ്ങളാക്കി പ്രതികാരം തീര്‍ത്ത് യുവാവ്. ഞായറാഴ്ച രാത്രിയോടെ ഉത്തര്‍പ്രദേശിലായിരുന്നു സംഭവം. ഏറ്റ ജില്ലയിലെ അസരുലി ഗ്രാമത്തിലെ രാജ്കുമാര് എന്ന യുവാവാണ് കടിച്ച പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കിയത്.
‘എന്റെ മകന് അമിതമായി മദ്യപിച്ച് കിടക്കുകയായിരുന്നു. ഒരു പാമ്പ് ഇഴഞ്ഞുവന്ന് അവനെ കടിച്ചു. ഇതോടെ അവന് പാമ്പിനെ പിടിച്ച് തിരിച്ചു കടിച്ച് കഷ്ണങ്ങളാക്കി നുറുക്കുകയായിരുന്നു.’ രാജ്കുമാറിന്റെ അച്ഛന് ബാബു റാം പറയുന്നു.
അതേസമയം, തങ്ങളുടെ രാജ്കുമാറിന്റെ നില അതീവ ഗുരുതരമാണെന്നും ചികിത്സയ്ക്കുള്ള പണം താങ്ങാനാകുന്നതല്ലെന്നും ബന്ധുക്കള്‍ പറയുന്നു. രാജ്കുമാറിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാരും പറയുന്നു. രാജ്കുമാറിന്റെ കുടുംബം കടിച്ചുമുറിച്ച പാമ്പിനെ സംസ്കരിച്ചു.