സോന്‍ഭദ്ര: വാക്ക് പാലിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറിയാണ് നേതാവ് വാക്ക് പാലിച്ചിരിക്കുന്നത്. വെടിവെപ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപവീതം നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ പ്രിയങ്കാ ഗാന്ധി പാലിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ നേരിട്ടെത്തിയാണ് പ്രിയങ്ക വാഗ്ദാനംചെയ്ത സഹായത്തുകയുടെ ചെക്ക് കൈമാറിയത്. സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ജൂലായ് 17നുണ്ടായ വെടിവെപ്പില്‍ പത്തുപേരാണ് മരണപ്പെട്ടത്. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്.
ഭൂവുടമയായ ഗ്രാമത്തലവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഗ്രാമീണര്‍ക്കു നേരെ വെടിവെപ്പ് നടത്തിയത്. ജൂലായ് 20ന് പ്രിയങ്ക സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, മരിച്ചവരുടെ കുടുംബങ്ങളെ പ്രിയങ്ക സന്ദര്‍ശിക്കുന്നത് പോലീസും തടഞ്ഞിരുന്നു. ഇത് നാടകീയ രംഗങ്ങള്‍ക്കും വഴിവെച്ചിരുന്നു.