ന്യൂഡല്‍ഹി: സ്വന്തം മണ്ണില്‍ ഭീകരവാദികള്‍ ഉണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമ്മതിച്ച സ്ഥിതിക്ക് ശക്തമായ നടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറാകണമെന്ന് ഇന്ത്യ. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് പാക് പ്രധാനമന്ത്രി പാകിസ്താനില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
വാക്കുകളില്‍ മാത്രം പോരാ, പ്രവര്‍ത്തനത്തിലും സത്യസന്ധത കാണിക്കണമെന്ന് രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദികള്‍ക്കെതിരെ വിശ്വസനീയവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന് തയ്യാറാകണമെന്നും ഇതാണ് ഉചിത സമയമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം ലഭിച്ച തീവ്രവാദികളെ കാശ്മീരിലേക്ക് അയക്കുന്നുണ്ടെന്ന് പാക് പ്രധാനമന്ത്രി സമ്മതിച്ചിരിക്കുകയാണ്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടന്ന പരിപാടിയിലാണ് ഇമ്രാന് ഖാന് പാകിസ്താനില്‍ 30000-40000 പരിശീലനം ലഭിച്ച ഭീകരവാദികള്‍ ഉണ്ടെന്ന് പറഞ്ഞത്. ഇക്കാര്യം അമേരിക്കയില്‍ നിന്ന് മറച്ചുവച്ചെന്നും ഇമ്രാന് പറഞ്ഞിരുന്നു.