ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്. രാജ്യം വിപുലമായ ആഘോഷ പരിപാടികളോടെയാണ് കാര്‍ഗില്‍ വാര്‍ഷികം ആചരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖര്‍ ദ്രാസില്‍ ഇന്ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.
1999 മെയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. 1999 മെയ് മാസത്തിലാണ് ഇന്ത്യയുടെ അധീനതയിലുള്ള ടൈഗര്‍ കുന്നുകളിലേക്ക് പാക് സൈന്യവും ഭീകരരും നുഴഞ്ഞു കയറിയത്. ആട്ടിടയന്മാരാണ് പാക് സൈന്യത്തെ ഈ ഭാഗത്ത് കണ്ടതായുളള വിവരം ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത്. അതിശൈത്യത്തെ തുടര്‍ന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിന്‍വലിച്ച തക്കം നോക്കിയായിരുന്നു പാക് സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയത്.
തുടക്കത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ കര,വ്യോമ സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാകിസ്താന് പിടിച്ചുനില്‍ക്കാനായില്ല. തന്ത്രപ്രധാന പാതകള്‍ ഇന്ത്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്തു. ഇന്ത്യന്‍ പീരങ്കി പടയും വ്യോമസേനയും പാക് യുദ്ധമുന്നണിയില്‍ കനത്ത നാശം വിതച്ചു.
മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു മരിച്ചു, 1300 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്മാര്ക്കും ജീവന് നഷ്ടമായി. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു.