ഭോപ്പാല്‍: ടോയ്ലെറ്റ് അടുക്കളയായി ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഇമാര്‍തി ദേവി. അങ്കണവാടിയിലെ കുട്ടികള്‍ക്ക് നല്‍കാനുള്ള ഭക്ഷണം ടോയ്ലെറ്റിനുള്ളില്‍ വെച്ച് പാചകം ചെയ്യുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
ശിവ്പുരി ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രമായി കൂടി പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയിലാണ് കുട്ടികള്‍ക്കുള്ള ഭക്ഷണം ടോയ്ലെറ്റിനുള്ളില്‍ വച്ച് പാചകം ചെയ്ത് വന്നിരുന്നത്. ടോയ്ലെറ്റ് സീറ്റിലാണ് അങ്കണവാടി ജീവനക്കാര്‍ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഗ്യാസ് സിലിണ്ടറും സ്റ്റൗവും അതിനുള്ളില്‍ വച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
എന്നാല്‍ ടോയ്ലെറ്റിന്റെ സീറ്റില്‍ പാത്രങ്ങള്‍ വയ്ക്കുന്നത് കൊണ്ട് എന്താണ് കുഴപ്പമെന്ന് മന്ത്രി ചോദിക്കുന്നത്. വീടിനുള്ളില്‍ നമ്മള് വയ്ക്കാറില്ലേ എന്നും മന്ത്രി ആരാഞ്ഞു. അങ്കണവാടിയിലെ ടോയ്ലെറ്റിനും ഭക്ഷണം പാകം ചെയ്തിരുന്ന സ്ഥലത്തിനും തമ്മില്‍ ഒരു മറയുണ്ടായിരുന്നുവെന്നും അത് തന്നെ ധാരാളമാണെന്നും മന്ത്രി പറയുന്നു.
വീടുകളോട് ചേര്‍ന്നും വീടിനുള്ളിലും ശുചിമുറികള്‍ പണിയാമെങ്കില്‍ അവിടെ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിന് എന്താണ് കുഴപ്പമെന്നാണ് മന്ത്രിയുടെ പക്ഷം. വീട്ടിനുള്ളില്‍ ടോയ്ലെറ്റുള്ളതിനാല് ഭക്ഷണം കഴിക്കാതെ ബന്ധുക്കള്‍ മടങ്ങിപ്പോകുന്നില്ലല്ലോയെന്നും മന്ത്രി ചോദിച്ചു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.