ന്യൂഡല്‍ഹി: ആഭിചാരകര്‍മം ചെയ്യുന്നുവെന്ന സംശയത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാലു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 10 പേര് സംഘം ചേര്‍ന്നാണ് മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലാണ് ദാരുണമായ സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണു സംഭവം.
ആള്‍ക്കൂട്ടം ഇവരെ കൊല്ലപ്പെട്ട ഒരാളുടെ വീട്ടില്‍ ഒന്നിച്ചെത്തിച്ച ശേഷം പൂട്ടിയിട്ട് തല്ലുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കഴുത്ത് മുറിക്കുകയായിരുന്നു. വടികളും ഇരുമ്പ് ദണ്ഡും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചാണ് അവരെ തല്ലിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടവര്‍ ആഭിചാരകര്‍മം ചെയ്യുന്നവരാണെന്ന് പ്രഥമദൃഷ്ട്യാ മനസിലായതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് ഇവര്‍ പറയുന്നത്.
കൊല്ലപ്പെട്ട എല്ലാവരും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ഭഗത് (65), ഫഗ്നി ദേവി (60), ചമ്പ ഭഗത് (65), പെടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ മൂന്നു കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ചമ്പയും പെടിയും ഭാര്യാഭര്ത്താക്കന്മാരാണ്. ഇവരുടെ മകളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.