മുംബൈ: ഗതാഗത തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്ത ട്രാഫിക് പോലീസുകാരനെ മൂക്കറ്റം മദ്യപിച്ച മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി. ട്രാഫിക്കില്‍ നിന്ന കോണ്‍സ്റ്റബിളിനെയാണ് മദ്യപസംഘം തട്ടിക്കൊണ്ടു പോയത്. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം നടന്നത്. താനെ സ്വദേശികളായ മൂന്നു പേരാണ് പോലീസുകാരനെ തട്ടിക്കൊണ്ടുപോയത്. മൂന്നുപേരും മൂക്കറ്റം മദ്യപിച്ച ശേഷം കാറുമായി പുറത്തിറങ്ങുകയായിരുന്നു.
ഇതിനിടയില്‍ ഛദ്ദ നഗറിലെ തിരക്കേറിയ പാതയ്ക്കു മധ്യത്തില്‍ വെച്ച് വാഹം നിന്നുപോയി. അമിതമായി മദ്യപിച്ച് ലക്കുകെട്ടിരുന്നതിനാല്‍ വാഹനം വീണ്ടും മുന്നോട്ടെടുക്കാനോ മാറ്റിയിടാനോ ഇവര്‍ക്കായില്ല. ഇതേതുടര്‍ന്ന് വലിയ ഗതാഗത തടസമാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് വിവരം കിട്ടി എത്തിയതായിരുന്നു ട്രാഫിക് കോണ്‍സ്റ്റബിളായ വികാസ് മുണ്ടെ.
റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ സ്വബോധമില്ലാതെ ഇരിക്കുന്നവരോട് വാഹനം റോഡരികിലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാറ്റുവാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് രണ്ട് പേര് ഇറങ്ങി ചെന്ന് പോലീസുകാരനെ ചീത്തവിളിക്കുകയും തല്ലുകയും ചെയ്തു. പിന്നാലെ ബലമായി അദ്ദേഹത്തെ കാറിനകത്തേയ്ക്ക് തള്ളിക്കയറ്റി. ഉടന്‍ തന്നെ കാര്‍ മുന്പോട്ട് ചീറി പാഞ്ഞു.
ഇതിനിടയില്‍ തന്റെ വയര്‍ലെസ്സിലൂടെ സംഭവത്തെക്കുറിച്ച് കണ്ട്രോല് റൂമിലേയ്ക്ക് വിവരം കൈമാറാന്‍ ഉദ്യോഗസ്ഥന് മുണ്ടെയ്ക്ക് സാധിച്ചു. ഉടന്‍ തന്നെ പോലീസ് സംഘം മദ്യപരുടെ വാഹനത്തെ പിന്തുടര്ന്നു. മൂന്നു കിലോമീറ്ററോളം ദൂരം ഇവരെ പിന്തുടര്ന്നശേഷമാണ് കാര്‍ തഞ്ഞുനിര്ത്താന് സാധിച്ചത്. തുടര്‍ന്ന് പോലീസുകാരനെ രക്ഷപ്പെടുത്തുകയും രണ്ടു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് മൂന്നാമന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്.