ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ കുണ്‍വാര്‍ പ്രണവ് സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് ബിജെപി പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. എംഎല്‍എ മദ്യപിച്ച് തോക്കുമായി ഡിസ്കോ കളിച്ച ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. കാലിലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ എംഎല്‍എ തിരിച്ചുവരവ് ആഘോഷിക്കാനായിരുന്നു അണികള്‍ക്കൊപ്പം ഡാന്‍സ് കളിച്ചത്.
മദ്യപിക്കുന്നതിനിടയില്‍ തോക്കുകള്‍ കയ്യില്‍ പിടിച്ചും കടിച്ചുപിടിച്ചും വിവിധ തോക്കുകള്‍ എംഎല്‍എ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. എംഎല്‍എയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഹരിദ്വാറിലെ ലസ്കറില് നിന്നുള്ള എംഎല്‍എയാണ് പ്രണവ് സിംഗ് ചാമ്പ്യന്‍. നേരത്തെ സ്വഭാവദൂഷ്യത്തിന് പ്രണവ് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പ്രണവ് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്തിനെതിരായി പ്രക്ഷോഭം നടത്താന്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇതിന് ശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.