ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എല്ലാ കാലത്തും തുടരാന്‍ മോഡി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍. ദരിദ്രര്‍ക്കു വേണ്ടി തുടങ്ങിയതാണ് ഈ പദ്ധതിയെന്നും ദാരിദ്രം നിര്‍മാര്‍ജനം ചെയ്യുന്നതോടെ പദ്ധതിയും നിര്‍ത്തലാക്കിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദാരിദ്ര്യത്തെ ഇല്ലാതാക്കലാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോക്സഭയില്‍ തൊഴിലുറപ്പു പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറഞ്ഞത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2018-19 ബജറ്റ് വിഹിതവുമായാണ് ഇപ്പോഴത്തെ വിഹിതത്തെ താരതമ്യം ചെയ്യേണ്ടതെന്നും, 60,000 കോടി ആയി വിഹിതം ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ വായ്പ തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ വലിയ ആളുകള്‍ വരെ ഗ്രാമീണ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങളെ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.