മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്. മുംബൈയിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ പിതാവായ 55കാരനായ രാജ്കുമാര് ചൗരസ്യയെന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷി എന്ന പെണ്‍കുട്ടി കഴിഞ്ഞ നാല് വര്‍ഷമായി യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹം നടത്തി തരില്ല എന്ന് കണ്ടതോടെ പെണ്‍കുട്ടി ഇറങ്ങി പോവുകയും ചെയ്തു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
ഇറങ്ങി പോയതിനു പിന്നാലെ മകളെ ഫോണ്‍ ചെയ്യുകയും നേരില്‍ കാണണമെന്നും വസ്ത്രവും മറ്റും വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പണം നല്‍കാമെന്നും പറഞ്ഞ് വിളിച്ചു വരുത്തി. ശേഷം പിതാവ് വിളിച്ച പ്രകാരം എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പല തവണ കുത്തി. കഴുത്തിനും നെഞ്ചിനും മുറിവേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
യുപി സ്വദേശിയായ ബ്രിജേഷ് ചൗരസ്യയെന്ന ആളുമായിട്ടായിരുന്നു മീനാക്ഷിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഇരുവരും മധ്യപ്രദേശിലെ സാത്നയിലേക്ക് താമസം മാറി. മുംബൈയില്‍ യുവാവിന്റെ ജോലി സ്ഥലത്തേക്ക് പോയ പെണ്‍കുട്ടിയെ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ദാരുണമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വിവാഹം പിതാവ് മറ്റൊരാളുമായി നിശ്ചയിച്ചിരുന്നെന്നും വിവാഹ ക്ഷണക്കത്തുള്‍പ്പെടെ അടിച്ചു കഴിഞ്ഞിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാല്‍ മറ്റാരേയും വിവാഹം കഴിക്കില്ലെന്ന് പെണ്‍കുട്ടി ഉറച്ച നിലപാടെടുത്ത് ഇറങ്ങി പോവുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി നേരെ പോലീസ് സ്റ്റേഷനിലെത്തുകയും കുറ്റം ഏറ്റുപറയുകയുമായിരുന്നു.