ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാകിസ്താന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതോടെ ആശ്വസിച്ച് വിമാന കമ്പനികള്‍. ആകാശ വിലക്ക് നീക്കിയതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി പാകിസതാന് മുകളിലൂടെ സുഗമമായി പറക്കാം. എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്കോ- ഡല്‍ഹി എഐ 184 വിമാനമാകും വിലക്കിന് ശേഷം പാകിസ്താന്റെ കിഴക്കന്‍ മേഖലയ്ക്ക് മുകളിലൂടെ പറക്കുന്ന ആദ്യ ഇന്ത്യന്‍ യാത്രാവിമാനം.
കഴിഞ്ഞ ഫെബ്രുവരി 26 നാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാകിസ്താന് അവരുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്നായിരുന്നു ഇത്.
അതേസമയം, പാകിസ്താന്റെ ആകാശ വിലക്ക് എയര്‍ ഇന്ത്യയ്ക്ക് ദിവസവും 13 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയിരുന്നത്. വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നത് കാരണം എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ഉണ്ടാകുന്ന പ്രതിദിന നഷ്ടം 22 ലക്ഷം രൂപയാണ്. ഇതിനൊപ്പം ആകാശ വിലക്ക് കാരണം വിമാനങ്ങള്‍ക്ക് അധികമായി 15 മിനിറ്റ് കൂടുതല്‍ പറക്കുകയും വേണം.
ഇന്ത്യയുമായുളള കിഴക്കന്‍ അതിര്‍ത്തിയായിരുന്നു പാകിസ്താന് അടച്ചിരുന്നത്. പടിഞ്ഞാറന്‍ ഭാഗത്ത് കൂടിയുളള യാത്രയ്ക്ക് വിലക്കുണ്ടായിരുന്നില്ല. ഇതിലൂടെയാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നത്. ഫെബ്രുവരി 26 മുതല്‍ ജൂലൈ രണ്ട് വരെ പാക് വിലക്ക് മൂലം എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 491 കോടി രൂപയാണ്.
സ്വകാര്യ വിമാനക്കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് സ്പൈസ് ജെറ്റിനാണ്. 30.73 കോടി രൂപയായിരുന്നു നഷ്ടം. ഇന്‍ഡിഗോയ്ക്ക് 25.1 കോടി രൂപയും ഗോ എയറിന് 2.1 കോടി രൂപയും പാക് വ്യോമപാതാ വിലക്ക്മൂലം നഷ്ടം സംഭവിച്ചു.