ആഗ്ര: 18കാരിയായ മകളെ മൃഗീയമായി മര്‍ദ്ദിച്ചും വെടിവെച്ച് വീഴ്ത്തിയും അച്ഛന്റെയും അമ്മയുടെയും ക്രൂരത. മരിച്ചുവെന്ന ധാരണയില്‍ മകളെ റോഡില്‍ തള്ളുകയും ചെയ്തു. മരണത്തോട് മല്ലടിക്കുന്ന പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും അവരെത്തി കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ അമ്മയെയും അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ഇട്ട എന്ന ഗ്രാമത്തിലെ അഫ്രോസ് ഖാനെയും ഭാര്യ നൂര്‍ജഹാനുമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ആസ്പുര്‍-ബഗ്വാല റോഡില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു നാടന്‍ പിസ്റ്റളും മോട്ടോര്‍ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെയാണ് മകളെ വകവരുത്താന്‍ ശ്രമിച്ചത് തങ്ങളാണെന്ന് ഇവര്‍ മൊഴി നല്‍കിയത്. ദുരഭിമാനത്തിന്റെ പേരിലാണ് ആക്രമണമെന്ന് പോലീസ് പറയുന്നു.
കുറച്ച് ദിവസം മുന്‍പ് നിഷയുടെ കാമുകനായിരുന്ന ആമിര്‍ എന്ന 24 കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞതിനാണ് നിഷയെ വകവരുത്താന്‍ പദ്ധതി ഇട്ടത്. അഫ്രോസ് ഖാന്, നൂര്ജഹാന്, ഇവരുടെ ഇളയ മകന്, നൂര്‍ജഹാന്റെ രണ്ട് സഹോദരന്മാര് എന്നിവര്‍ ചേര്‍ന്നാണ് ആമിറിനെ കൊലപ്പെടുത്തിയത്. വടികൊണ്ടും ഇരുമ്പ് ദണ്ഡുകള് കൊണ്ടും അതിക്രൂരമായി മര്‍ദ്ദിച്ചാണ് ആമിറിനെ കൊന്നത്. സംഭവത്തില്‍ നിഷയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും അമ്മാവനായ ഹഫീസിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മറ്റൊരു അമ്മാവനായ ഇഷിയാക് ഇപ്പോഴും ഒളിവിലാണ്. ജൂലൈ ആറിന് അര്‍ധരാത്രിയിലാണ് ആമിറിനെ ഇവര്‍ പിടികൂടിയത്.
ഇയാള്‍ നിഷയുടെ വീട്ടിനകത്ത് ഒളിച്ചിരിക്കുകയായിരുന്നു. നിഷയും ആമിറും മുറി അകത്ത് നിന്നും പൂട്ടി ഇതിനകത്തിരുന്നു. ആമിറിനെ പിടികൂടിയ കുടുംബാംഗങ്ങള്‍ ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനാണ് നിഷയെയും കൊല്ലാന്‍ ശ്രമിച്ചതെന്ന് കുടുംബം മൊഴി നല്കി. അലിഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഷ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.