ബറേലി: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ബിജെപി എംഎല്‍എയായ പിതാവില്‍ നിന്നും വധഭീഷണി നേരിടുന്നുവെന്ന് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും തട്ടികൊണ്ടുപോയി. അലഹബാദ് ഹൈക്കോടതിക്ക് സമീപത്ത് നിന്നാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. തോക്ക് ചൂണ്ടി നിര്‍ത്തിയിട്ട കാറിനുള്ളിലേയ്ക്ക് വലിച്ചിട്ട് കൊണ്ടുപോവുകയായിരുന്നു.
യുപിയിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് പിതാവിനെതിരെ രംഗത്ത് വന്നത്. സാക്ഷി മിശ്രയെ വിവാഹം ചെയ്തത് അജിതേഷ് കുമാര്‍. ദളിതന് ആയതിന്റെ പേരിലാണ് കുടുംബം തങ്ങളെ വേട്ടയാടുന്നതെന്നായിരുന്നു സാക്ഷിയുടെ ആരോപണം. കോടതിയുടെ മൂന്നാം ഗേറ്റിന് സമീപത്ത് നില്ക്കുമ്പോള് കറുത്ത എസ്യുവി കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഇരുവരെയും തട്ടികൊണ്ടുപോവുകയായിരുന്നു.
ആഗ്ര ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. ഇവരെ വിവാഹം കഴിക്കാന്‍ സഹായിച്ച സുഹൃത്ത് അറസ്റ്റിലായിട്ടുണ്ട്. അത് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇരുവരെയും തട്ടികൊണ്ടു പോയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പുര്‍ എംഎല്‍എയാണ് സാക്ഷിയുടെ അച്ഛനായ രാജേഷ് മിശ്ര.
ജൂലൈ 10 ന് ഫേസ്ബുക്കിലൂടെയാണ് സാക്ഷി ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്കോ അജിതേഷിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അച്ഛനും സഹായികളായ ഭര്‍ത്തോള്‍, രാജീവ് റാണ എന്നിവര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും സാക്ഷി പറഞ്ഞിരുന്നു. അതേസമയം പോലീസ് ഇടപെട്ട് ഇരുവരെയും മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.