ന്യൂഡല്‍ഹി: സ്വന്തം വിവാഹം നടത്താന്‍ ആവശ്യമായ പണം കണ്ടെത്താന്‍ മോഷണം നടത്തിയ യുവാവും സുഹൃത്തും പിടിയില്‍. ഡല്‍ഹി സ്വദേശികളായ ഗഗന് ദീപ്, ഇയാളുടെ സുഹൃത്ത് വിവേക് രാഘവ് എന്നിവരാണ് പിടിയിലായത്. ഒരു വ്യവസായ സ്ഥാപനത്തില്‍ ക്യാഷ് കലക്ടറായി ജോലി ചെയ്യുന്ന ഗഗന് ദീപ് 10 ലക്ഷം രൂപയാണ് തൊഴിലുടമയില്‍ നിന്നും മോഷ്ടിച്ചത്.
പണവുമായി വരുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ തന്റെ കൈയ്യില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നെന്നാണ് ഇയാള്‍ ഉടമയോട് പറഞ്ഞത്. സംശയം തോന്നിയ ഉടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം നടത്തി. ഇതോടെയാണ് സത്യം പുറത്തു വന്നത്.
പിതാവിന്റെ ചികിത്സയ്ക്കും തന്റെ വിവാഹത്തിനും പണം ആവശ്യമായി വന്നെന്നും ഇതേ തുടര്‍ന്നാണ് മോഷ്ടിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ക്രൈം ഷോകള്‍ കണ്ടാണ് മോഷ്ടിക്കാനുള്ള പ്ലാന്‍ തയ്യാറാക്കിയതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.