മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയുമായി നടി രംഗത്ത്. മുന്‍ കാമുകനായ നടനെതിരെയാണ് താരത്തിന്റെ പരാതി. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് താരം പരാതിയില്‍ പറയുന്നു. 2017 ല്‍ ഒരു ഷൂട്ടിനിടെയാണ് 34കാരനായ നടനുമായി അടുപ്പത്തിലായത്.
എന്നാല്‍ വിവാഹകാര്യം മറച്ചുവെച്ച് ബലമായി ശാരീരിക ബന്ധത്തിന് തന്നെ നിര്‍ബന്ധിതയാക്കി എന്നും താരം വെളിപ്പെടുത്തി. പ്രണയത്തിലായ ശേഷം തന്നോട് മറ്റ് നടന്മാരോടൊപ്പം അഭിനയിക്കരുതെന്നും സുഹൃത്തുക്കളോട് സൗഹൃദം അവസാനിപ്പിക്കണമെന്നും നടന് ആവശ്യപ്പെട്ടതായും നടിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയാണ് നടി.
ഇവര്‍ നടനെ കാണാന്‍ ഇടക്കിടെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് എത്തിയിരുന്നു. നടിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) (n), 323, 504,506 വകുപ്പുകള്‍ പ്രകാരം മുംബൈ പോലീസ് കേസെടുത്തു. നടന് ഇപ്പോള്‍ മുംബൈയില്‍ ഇല്ലെന്നും, തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.