ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാനും മറ്റുമുള്ള നിയമങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് കേന്ദ്രമന്ത്രി മുഖ്താന്‍ അബ്ബാസ് നഖ്വി. ആരെയും നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ജയ് ശ്രീ റാം, ജയ് ഹനുമാന് എന്നിങ്ങനെ സ്തുതിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം ആക്രമിച്ച തബ്രിസ് അന്‍സാരിയുടെ മരണത്തിന് പിന്നില്‍ പോലീസിന്റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വീഴ്ചയാണെന്ന് പറയുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഈ സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം എത്തുന്നത്.
”ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതികള്‍ പിടിക്കപ്പെടാത്ത ഒരു സംഭവം പറയൂ. രാജസ്ഥാനില്‍ പ്രതിക്ക് ആറുമാസത്തേക്ക് ജാമ്യം പോലും ലഭിച്ചില്ല. ഉത്തര്‍പ്രദേശില്‍ പ്രതിയെ നാല് മണിക്കൂറിനുള്ളില്‍ പിടികൂടി. സംഭവം എന്തുതന്നെ ആയാലും നടപടി ഉടനെടുക്കുന്നുണ്ട്” – നഖ്വി പറയുന്നു. ‘നിങ്ങള്‍ക്ക് ആരെയും ഒരു കാര്യത്തിനും നിര്‍ബന്ധിക്കാനാവില്ല. പക്ഷേ നിങ്ങള്‍ക്ക് വന്ദേമാതരം ചൊല്ലുന്നത് നിഷേധിക്കാനുമാവില്ല. ഇരുഭാഗത്തും വിട്ടുവീഴ്ചയില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.