ന്യൂഡല്‍ഹി: രണ്ട് മക്കള്‍ മാത്രം മതിയെന്ന നിയമം രാജ്യത്ത് പാസാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇത് ലംഘിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു. ലോക ജനസംഖ്യ ദിനത്തില്‍, രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് സാമൂഹിക ഐക്യത്തിനും, പ്രകൃതിവിഭവങ്ങള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ‘ശക്തമായ നിയമം ഇതിനായി പാസാക്കണം. ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കണം,’ ഗിരിരാജ് സിംഗ് പറഞ്ഞു.
ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും ജനസംഖ്യാ നിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇന്ത്യയില്‍ ജനസംഖ്യാ വര്‍ദ്ധനവ് മതവിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്ന് വര്‍ഷത്തിന് മുന്‍പ് രാജ്യത്ത് അടിയന്തിരമായി വന്ധ്യംകരണം നടത്തണമെന്ന് ഇദ്ദേഹം പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നല്‍കരുതെന്ന് നേരത്തെ യോഗാ ഗുരു ബാബാ രാം ദേവ് പറഞ്ഞതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ബിഹാര്‍ ബഹുസരായില്‍ നിന്നുള്ള ബിജെപി എംപിയാണ്
ഗിരിരാജ് സിംഗ്.