ന്യൂഡല്‍ഹി; അയോദ്ധ്യ തര്‍ക്ക ഭൂമി കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ഭരണഘടനാ ബെഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്നും, അതിനാല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കണം എന്നും ഉള്ള ആവശ്യം ഭരണഘടന ബെഞ്ച് പരിഗണിക്കും.
മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്നും, അടിയന്തിരമായി പരിഗണിക്കണമെന്നും കേസിലെ ഹര്‍ജിക്കാരനായ ഗോപാല്‍ സിംഗ് സുപ്രീംകോടതിയില്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അപേക്ഷ ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കേസ് നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.