ന്യൂഡല്‍ഹി: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബിജെപി എംപിമാരോട് 150 കിലോമീറ്റര്‍ ദൂരം പദയാത്ര നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് 150 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്യാനാണ് ബിജെപി എംപിമാരോട് മോഡി ആവശ്യപ്പെട്ടത്.
രാജ്യസഭ എംപിമാരോടും പദയാത്രയില്‍ പങ്കെടുക്കാന്‍ മോഡി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ബിജെപി എംപിമാരുടെ യോഗത്തിലാണ് മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിദിനം 15 കിലോമീറ്റര്‍ താണ്ടുന്ന തരത്തില്‍ ഒക്ടോബര്‍ രണ്ടിനും ഒക്ടോബര്‍ 31നും ഇടയില്‍ അതത് മണ്ഡലങ്ങളില്‍ പദയാത്ര നടത്താനാണ് നിര്‍ദേശിച്ചത്.
ബിജെപിക്ക് വേരൊട്ടമില്ലാത്ത മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ മോഡി നിര്‍ദേശിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഗ്രാമങ്ങളുടെ നവീകരണം തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.