ഇന്‍ഡോര്‍: സ്ട്രെച്ചറിന്റെ അഭാവം മൂലം കാലൊടിഞ്ഞ സ്ത്രീ കിടക്കുന്ന സ്ട്രെച്ചറില്‍ പുരുഷ രോഗിയെയും കിടത്തി ഇന്‍ഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രി അധികൃതര്‍. കാലൊടിഞ്ഞ സംഗീത എന്ന രോഗിക്കാണ് പുരുഷ രോഗിക്ക് വേണ്ടി സ്ട്രെച്ചറില്‍ ഒതുങ്ങി കൊടുക്കേണ്ടി വന്നത്.
സ്കാനിങ്ങിനായി കൊണ്ടുപോകവേയാണ് ഒരാള്‍ക്ക് കിടക്കാവുന്ന സ്ട്രെച്ചറില്‍ മറ്റൊരു രോഗിയെ കൂടി സംഗീതയോടൊപ്പം കിടത്തിയത്. മനുഷ്യത്വത്തിന്റെ പേരിലാണ് തന്റെ സ്ട്രെച്ചര്‍ പങ്കുവെക്കാന്‍ അനുവദിച്ചതെങ്കിലും കാലൊടിഞ്ഞ അവസ്ഥയില്‍ തീരെ ബുദ്ധിമുട്ടിയാണ് സ്ട്രെച്ചറില്‍ കിടന്നതെന്ന് സംഗീത പറഞ്ഞു.
12 ദിവസം മുമ്പാണ് സംഗീതയെ വലതു കാലൊടിഞ്ഞ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘എല്ല് രോഗ വാര്‍ഡിലായിരുന്നു ഭാര്യ കിടന്നിരുന്നത്. സ്ട്രെച്ചറുകള്‍ ഇല്ലാത്തതിനാല്‍ സംഗീതയോടൊപ്പം മറ്റൊരു പുരുഷനായ രോഗിയെ കൂടെ കിടത്തി പരിശോധനയ്ക്കായി സ്കാനിങ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഞങ്ങള്‍ നിസ്സഹായരായിരുന്നു. കൂടെ ഉള്ള രോഗിക്ക് ചികിത്സ നിഷേധിക്കരുതെന്ന ഉദ്ദേശത്തില്‍ ഞങ്ങള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല’, സംഗീതയുടെ ഭര്‍ത്താവ് ധര്‍മ്മേന്ദ്ര പറയുന്നു.
ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് താനിങ്ങനെ കിടന്നതെന്ന് സംഗീത പറഞ്ഞുവെന്നും ഭര്‍ത്താവ് പറയുന്നു. സംഭവത്തിന്റെ വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍മാരോടും വാര്‍ഡ് ബോയ്സിനോടും നഴ്സുമാരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. സ്ട്രെച്ചറുകളുടെ അഭാവം ആശുപത്രിയിലുണ്ടെന്നും സൂപ്രണ്ട് തുറന്ന് സമ്മതിക്കുകയും ചെയ്തു.